
കൊറോണ പകർച്ചവ്യാധിയിൽ എല്ലാവരും ജാഗ്രത പാലിച്ചുകൊണ്ടുള്ള ജീവിതരീതിയിലാണ്, എന്നാൽ ഹൃദയ രോഗികൾ പ്രത്യേക മുൻകരുതലുകൾ എടുക്കണം. കൊറോണ അണുബാധ പ്രമേഹത്തെയും ശ്വാസകോശത്തെയും ഹൃദ്രോഗികളെയും കൂടുതൽ എളുപ്പത്തിൽ പിടികൂടുമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധർ വിശ്വസിക്കുന്നു.
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പുറത്തിറക്കിയ ജേണലിലെ റിപ്പോർട്ട് അനുസരിച്ച് കൊറോണ രോഗികളുടെ ശ്വാസകോശത്തെ അണുബാധ നേരിട്ട് ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് ശരീരത്തിലെ ഓക്സിജൻ്റെ അളവിനെ സാരമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ മറ്റ് അവയവങ്ങളിലേക്ക് രക്തം ലഭിക്കാൻ ഹൃദയം കഠിനമായി പരിശ്രമിക്കേണ്ടി വരും. ഇത് ഹൃദയ കോശങ്ങൾ ദുർബലമാകാൻ കാരണമാകുന്നുണ്ട്.
കൊറോണയിൽ നിന്ന് മുക്തിനേടുന്ന 80 ശതമാനം ആളുകൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെ നടത്തിയ ഗവേഷണത്തിൽ ഉൾപ്പെട്ട 100 രോഗികളിൽ 78 പേരിൽ ഹൃദയ വീക്കം കാണിക്കുന്നുണ്ട്. എന്നിരുന്നാലും, ഒരു വിഭാഗം ഡോക്ടർമാർ ഇതിനോട് വിയോജിക്കുന്നുമുണ്ട്.
കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ രാജ്യത്തെ 200 ആശുപത്രികളിൽ മാർച്ച് മുതൽ ജൂൺ വരെ ഹൃദയാഘാതം സംബന്ധിച്ച് നടത്തിയ പഠനത്തിൽ, അതായത് ലോക്ക്ഡൗൺ കാലയളവിൽ, 41,000 ത്തോളം ഹൃദയാഘാത കേസുകൾ ഈ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1990 നും 2016 നും ഇടയിൽ രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണം 50 ശതമാനം വർദ്ധിച്ചു. ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണവും ഈ വർഷങ്ങളിൽ ഇരട്ടിയായി.
വേൾഡ് ഹാർട്ട് ഫെഡറേഷൻ്റെ അഭിപ്രായത്തിൽ, പുകവലി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, അമിതവണ്ണം, വായു മലിനീകരണം എന്നിവയും ചഗാസ് രോഗം, കാർഡിയാക് അമിലോയിഡോസിസ്, പോലുള്ള അപൂർവവും അവഗണിക്കപ്പെട്ടതുമായ അവസ്ഥകളുമാണ് ഹൃദയ സംബന്ധ അസുഖമായ കാർഡിയോ വാസ്ക്കുലാർ ഡിസീസിൻ്റെ പ്രധാന കാരണങ്ങൾ.
ഈ വർഷം, ലോക ഹൃദയ ദിനത്തിൽ, ഹൃദയത്തെ പരിപാലിക്കുന്നതിനെക്കുറിച്ചും, ഹൃദയ രോഗങ്ങളെ പ്രതിരോധിക്കാൻ അവബോധം സൃഷ്ടിച്ചെടുക്കുന്നതിനെക്കുറിച്ചും പ്രചരിപ്പിക്കുകയാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുമ്പോൾ ഹൃദയാരോഗ്യം സാധ്യമാവുകയും ചെയ്യുന്നു.
