
വാട്സാപ്പ് ഗ്രൂപ്പ് വീഡിയോ കോളിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തിയേക്കും. നിലവിൽ നാലോ അതിൽ കുറവോ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമേ ഒരേ സമയം വാട്സാപ്പിൽ ഗ്രൂപ്പ് വീഡിയോ അല്ലെങ്കിൽ വോയ്സ് കോൾ ചെയ്യാൻ കഴിയൂ.
എന്നാൽ ഭാവിയിൽ ഈ പരിധി വർധിപ്പിച്ചേക്കുമെന്നാണ് വാട്സാപ്പിന്റെ പുതിയ ബീറ്റാ പതിപ്പ് നൽകുന്ന സൂചന. ആളുകൾ സാമൂഹിക അകലം പാലിക്കുന്ന സാഹചര്യത്തിൽ പരസ്പരം കാണാനും സംസാരിക്കാനുമായി വീഡിയോ കോൾ സേവനങ്ങളെ വ്യാപകമായി ആശ്രയിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. സൂം പോലുള്ള സേവനങ്ങളിൽ 12 ലധികം പേരെ വീഡിയോ കോളിൽ ഉൾക്കൊള്ളിക്കാനാവും.
വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വാട്സാപ്പിൽ ഗ്രൂപ്പ് വീഡിയോ അല്ലെങ്കിൽ വോയ്സ് കോളിൽ ഇനി കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ കഴിയും. വാട്സാപ്പ് ബീറ്റാ iOS 2.20.50.23 പതിപ്പിലാണ് പുതിയ ഫീച്ചർ കണ്ടെത്തിയത്. എന്നാൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. അതിനാൽ വാട്സാപ്പ് അപ്ഡേറ്റ് ചെയ്താലും ഇത് കാണാൻ സാധിക്കില്ല.
ഈ ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലായതിനാൽ എന്ന് പുറത്തിറക്കുമെന്ന് വ്യക്തമല്ല. വരും ആഴ്ചകളിൽ വൈകാതെ തന്നെ ലഭ്യമാക്കിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
