
കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗി മരിക്കാനിടയായ സംഭവം ജീവനക്കാരുടെ അനാസ്ഥമൂലമാണെന്ന് ആശുപത്രി ജീവനക്കാരുടെ പേരിൽ തന്നെ ശബ്ദ സന്ദേശം. ഫോർട്ട് കൊച്ചി സ്വദേശി സി കെ ഹാരിസിൻ്റെ മരണ കാരണം ഓക്സിജൻ ട്യൂബുകൾ മാറിക്കിടന്നത് മൂലമാണെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് സംസാരിക്കുന്ന കളമശ്ശേരി മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
ട്യൂബ് മാറിക്കിടന്നത് അധികൃതർ ശ്രദ്ധിക്കാത്തതിനാൽ രോഗതീവ്രത കുറഞ്ഞ് വാർഡിലേക്ക് മാറ്റാവുന്ന അവസ്ഥയിലാണ് രോഗി മരിച്ചത്. ഇത് ആരും അറിയാതിരുന്നതിനാൽ ഉത്തരവാദികൾ രക്ഷപെട്ടുവെന്നും ഇതുപോലെ പല രോഗികളുടെയും ഓക്സിജൻ മാസ്ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സമാന സംഭവങ്ങൾ നടന്നുവെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
ശബ്ദസന്ദേശം പ്രചരിച്ചതോടെ ചികിത്സാ പിഴവിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് മരിച്ച രോഗിയുടെ ബന്ധുക്കൾ.
