
മലയാളത്തിൽ ഒട്ടനവധി ചിത്രങ്ങൾ നിർമ്മിച്ച് പേരെടുത്ത നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ, തമിഴിൽ, ദളപതി വിജയ്യെ നായകനാക്കി ഒരുക്കിയ ശ്രദ്ധേയ ചിത്രങ്ങളാണ് സിദ്ദിഖ് സംവിധാനം ചെയ്ത് സൂര്യയോടൊപ്പം അഭിനയിച്ച്, 2001 ൽ പുറത്തിറങ്ങിയ ‘ഫ്രണ്ട്സ്’ എന്ന ചിത്രവും, ഭരതൻ്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ‘അഴകിയ തമിഴ് മകൻ’ എന്ന ചിത്രവും. ആദ്യചിത്രം ഒരു വൻവിജയമായ് മാറിയപ്പോൾ, ഏറെ പ്രതീക്ഷകളോടെത്തിയ രണ്ടാമത് ചിത്രം നിരാശപ്പെടുത്തി.
ഇപ്പോഴിതാ, നടൻ വിജയ്യുടെ അച്ഛനും, സിനിമാ സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ നൽകിയ സാമ്പത്തിക തട്ടിപ്പ് കേസിൽ, കോടതി നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചന് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്.
‘അഴകിയ തമിഴ് മകൻ’ എന്ന ചിത്രവുമായ് ബന്ധപ്പെട്ട്, ചിത്രം റിലീസ് ചെയ്യുന്നതിന് വേണ്ടി എസ്.എ. ചന്ദ്രശേഖറിൻ്റെ കൈയില്‍ നിന്ന് അപ്പച്ചന്, 15 ദിവസത്തിനകം തിരികെ തരാമെന്ന വ്യവസ്ഥയിൽ ഒരു കോടി രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ ഇത്രനാളായിട്ടും പണം തിരികെ ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി എസ്.എ. ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് ഇപ്പോൾ ഇങ്ങനൊരു വിധി വന്നിരിക്കുന്നത്.
1986 ൽ, ഫാസിൽ സംവിധാനം ചെയ്ത ‘പൂവിന് പുതിയ പൂന്തെന്നൽ’ എന്ന മലയാള ചിത്രം നിർമ്മിച്ചുകൊണ്ട് സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത അപ്പച്ചൻ, പിന്നീട് ‘റാംജി റാവു സ്പീകിംഗ്’, ‘ഗോഡ്ഫാദർ’ ‘മണിച്ചിത്രത്താഴ്’, ‘അനിയത്തിപ്രാവ്’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ നിർമ്മിക്കുകയും, ‘ചന്ദ്രലേഖ’, ‘ആറാം തമ്പുരാൻ’, ‘നരസിംഹം’, ‘റൺവേ’ തുടങ്ങിയ പണംവാരി സിനിമകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
‘അഴകിയ തമിഴ് മകൻ’ ആണ് അവസാനമായ് നിർമ്മിച്ച ചിത്രം. 2004 ൽ, മമ്മൂട്ടി നായകനായ് പുറത്തുവന്ന ‘വേഷം’ ആണ് മലയാളത്തിൽ അവസാനമായ് നിർമ്മിച്ച ചിത്രം. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന, മമ്മൂട്ടിയുടെ സേതുരാമയ്യർ സീരിസിലെ അഞ്ചാം പതിപ്പ് നിർമ്മിച്ചുകൊണ്ട്, ഒരു മടങ്ങി വരവിനുള്ള തയ്യാറെടുപ്പിലായിരുന്നു സ്വർഗ്ഗചിത്ര അപ്പച്ചൻ.
