
രോഹിത് സംവിധാനം ചെയ്യുന്ന ‘കള’ എന്ന ചിത്രത്തിൻ്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് പൂർണ്ണ വിശ്രമത്തിലായിരുന്ന യുവനടൻ ടോവിനോ തോമസ് വീണ്ടും അഭിനയത്തിരക്കിലേക്ക്. മൂന്നാഴ്ച്ചത്തെ പൂർണ്ണ വിശ്രമത്തിന് ശേഷം, ‘കാണെക്കാണെ’ എന്ന പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിലെത്തിയ ടൊവിനോയെ മധുരം നൽകിയാണ് അണിയറപ്രവർത്തകർ വരവേറ്റത്.
‘ഉയരെ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, ബോബി-സഞ്ജയ് ടീമിൻ്റെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാണെക്കാണെ’ യിൽ, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്, റോണി ഡേവിഡ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. ‘മായാനദി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, ഐശ്വര്യ ലക്ഷ്മി വീണ്ടും ടോവിനോയുടെ നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഒരു ക്രൈം ത്രില്ലറായ് ഒരുങ്ങുന്ന ചിത്രത്തിൽ, ആല്‍ബി ആൻ്റണി ഛായാഗ്രാഹകനായും, അഭിലാഷ് ചന്ദ്രന് എഡിറ്ററായും, ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിന് രാജ് സംഗീത സംവിധായകനായും വര്‍ക്ക് ചെയ്യുന്നു. ‘1983’, ‘ക്വീന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ ടി ആര് ഷംസുദ്ധീനാണ് ചിത്രം നിർമിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ, ‘കാണെക്കാണെ’ എന്ന പുതിയ ചിത്രം പൂർത്തിയാക്കിയ ശേഷമാകും ടോവിനോ, തൻ്റെ പരിക്കുമൂലം ചിത്രീകരണം നിർത്തിവെക്കേണ്ടിവന്ന ‘കള’യുടെ ശേഷിക്കുന്ന ഭാഗം പൂർത്തിയാക്കുക. ‘കള’ സിനിമയിൽ നായകൻ ടോവിനോയെ കൂടാതെ ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം “ബാസിഗര്‍” എന്ന പേരുള്ള ഒരു നായയും പ്രധാന കഥാപാത്രമായുണ്ട്. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം.
