
ഇന്നലെ വൈകീട്ട്, മമ്മൂട്ടിയും മോഹന്‍ലാലും ദുൽഖറും നിവിനും ഫഹദും ജയറാമും ഉള്‍പ്പെടെ 100 ലധികം മലയാള സിനിമാതാരങ്ങള്‍ ചേര്‍ന്ന് പ്രഖ്യാപിച്ച ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപിയുടെ 250-ാം ചിത്രവും, ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച ‘കടുവ’ എന്ന ചിത്രവും തമ്മിൽ കഥയിലെ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന നായക കഥാപാത്രത്തെച്ചൊല്ലി ഉണ്ടായ തർക്കങ്ങൾ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു നൽകിയ പരാതിയിൽ പകര്‍പ്പാവകാശ ലംഘനം ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി ചിത്രത്തിന് ആ പേര് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയ ഹൈക്കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ്, സുരേഷ് ഗോപി ചിത്രത്തിൻ്റെ പുതിയ പേര് പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ഷിബിന്‍ ഫ്രാന്‍സിസിൻ്റെ തിരക്കഥയിൽ, നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം നിർമ്മിക്കുന്നത് മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ്. ഇപ്പോഴിതാ, വിവാദത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ടോമിച്ചൻ.
“കഴിഞ്ഞ ഡിസംബറില്‍ തന്നെ ‘ഒറ്റക്കൊമ്പന്’ എന്ന പേര് രജിസ്റ്റര്‍ ചെയ്തിരുന്നതാണ്. ഈ ചിത്രത്തിന് പൃഥ്വിരാജിൻ്റെ ‘കടുവ’ എന്ന സിനിമയുമായി ഒരു തരത്തിലും സാമ്യമില്ല. ‘കടുവാക്കുന്നേല്‍’ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ളതിനാല്‍ ആ പേര് ഉപയോഗിക്കില്ല. എന്നാല്‍ കഥയില്‍ യാതൊരു മാറ്റവുമില്ല. എന്തോ തെറ്റിദ്ധാരണയുടെ പേരിലാണ് കേസ് ഉണ്ടായത്. രണ്ടു ചിത്രങ്ങളും നടക്കട്ടെ, എല്ലാവിധ സഹകരണവും ഉണ്ടാകും. ‘ഒറ്റക്കൊമ്പൻ’ ഒരു ആള്‍ക്കൂട്ട സിനിമയാണ്, തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണം. അതിനാല്‍ തിയേറ്റര്‍ തുറക്കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ വന്നതിനു ശേഷമേ സിനിമയെ കുറിച്ചുള്ള ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ”, ടോമിച്ചന് വ്യക്തമാക്കി.
കോട്ടയത്തിൻ്റെ പശ്ചാത്തലത്തില്‍, സുരേഷ് ഗോപിയുടെ തന്നെ ഹിറ്റ് ചിത്രങ്ങളായ ‘വാഴുന്നോര്‍’, ‘ലേലം’ തുടങ്ങിയ സിനിമകള്‍ പോലെ ഒരു മാസ് എൻ്റര്‍ടെയ്നർ ആയിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്. തെലുങ്കിൽ വൻവിജയമായ ‘അര്ജ്ജുൻ റെഡ്ഡി’, അതിന്റെ ഹിന്ദി റീമെയ്ക് ‘കബീര്‍ സിംഗ്’, ദുല്‍ഖര്‍ സല്മാന് നായകനായ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ ഹര്ഷവര്ദ്ധന് രാമേശ്വര്‍, ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കും. കരിയറിൽ ഇതാദ്യമായാണ് ഹര്ഷവര്ദ്ധന് ഒരു മലയാള ചിത്രവുമായ് സഹകരിക്കാൻ ഒരുങ്ങുന്നത്. ‘പുലിമുരുകൻ’ ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാര്‍ ആണ് ഛായാഗ്രഹണം.
നേരത്തെ, സുരേഷ് ഗോപി ചിത്രത്തിനായ്, കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേര് ഉപയോഗിക്കുന്നതും ഈ നായക കഥാപാത്രത്തെ മുന്‍നിര്‍ത്തി പ്രചരണങ്ങള്‍ നടത്തുന്നതും വിലക്കിക്കൊണ്ടുള്ള ജില്ലാ കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പേരോ, പ്രമേയമോ സുരേഷ് ഗോപി ചിത്രത്തിൻ്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്നും, കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേരുള്ള നായക കഥാപാത്രത്തെ വച്ച് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം നടത്തുന്നതും കോടതി വിലക്കിയിരുന്നു.
പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, ജിനു എബ്രഹാം തിരക്കഥ എഴുതി, മുൻകാല സൂപ്പർ സംവിധായകൻ ഷാജി കൈലാസ് ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയുന്ന ‘കടുവ’ എന്ന ചിത്രം. ചിത്രം നിർമ്മിക്കുന്നത് നായകൻ പൃഥ്വിരാജും, ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.
