
വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ താല്‍ക്കാലികമായി അടച്ചുവെന്ന് സാമൂഹ്യമാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണം തീര്‍ത്തും വ്യാജമാണെന്ന് വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു. ഒട്ടേറെ സ്റ്റാഫംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് വ്യാജപ്രചാരണം നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഹോസ്പിറ്റലിലെ ഔട്ട്പേഷന്റ് വിഭാഗത്തിൽ വന്ന ഒരു രോഗിയുടെ സഹായിയായി വന്ന ഒരു വ്യക്തി പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തിയിരുന്നു. ഇക്കാര്യം ഉടന്‍ തന്നെ സര്‍ക്കാര്‍ അധികൃതരെ അറിയിച്ചു. ഇദ്ദേഹവുമായി ഇടപഴകിയ മുഴുവന്‍ സ്റ്റാഫംഗങ്ങളെയും ഹോം ഐസോലെഷനിലുമാക്കി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഒരാഴ്ച രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും പരിശോധനാഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയതിനും ശേഷമാണ് ഇവര്‍ പിന്നീട് ജോലിക്കു വന്നത്.
നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ഞായറാഴ്ച മറ്റൊരു ഡോക്ടര്‍ക്കു കൂടി രോഗലക്ഷണങ്ങളുണ്ടായി. ഉടന്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്കു മാറ്റിയ ഇദ്ദേഹത്തിന്റെ പരിശോധനാഫലം പോസീറ്റീവായിരുന്നു. തുടര്‍ന്ന് ഇദ്ദേഹവുമായി ഇടപഴകിയ സ്റ്റാഫംഗങ്ങളും ഭാര്യയും പോസ്റ്റീവായി. ഇതേത്തുടര്‍ന്ന് ഇവരുമായി ഇടപഴകിയവരെയെല്ലാം ഐസൊലേഷനിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പോസിറ്റീവായവരെയെല്ലാം അഡ്മിറ്റ് ചെയ്ത് ഐസിഎംആര്‍, സ്റ്റേറ്റ് കോവിഡ് ബോര്‍ഡ് പ്രോട്ടോകോള്‍ എന്നിവ അനുസരിച്ചുള്ള ചികിത്സ നല്‍കുന്നുണ്ട്. പോസിറ്റീവായ മറ്റൊരു ഡോക്ടറേയും ഐസൊലേഷനിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗം വന്ന സ്രോതസ്സ് അറിവായിട്ടില്ല. ഹോസ്പിറ്റലിൽ വന്നു പോയ രോഗികളിൽ നിന്നാകാം ഇവര്‍ക്ക് രോഗം ബാധിച്ചതെന്നു സംശയിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു ഡോക്ടറും തിരുവനന്തപുരത്തെ ഹോട്സ്പോട്ടില് നിന്നെത്തിയിരുന്നു. ( പുതിയതായി ജോലിക്കു ജോയിൻ ചെയ്യുന്ന ഇവരും വരും കോവിഡ് ടെസ്റ്റ് നു വിധേയരാവണമെന്ന ഹോസ്പിറ്റൽ പോളിസിയുടെ ഭാഗമായാണ് ഈ ഡോക്ടർക്ക് ടെസ്റ്റ് ചെയ്തത്).പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐസൊലോഷനിലേയ്ക്ക് മാറ്റി.
മാര്‍ച്ചില്‍ ലോകമെങ്ങും കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ത്തന്നെ ജനറല്‍ മെഡിസിന്, പള്‍മനോളജി വിഭാഗങ്ങളിലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമാര്‍, സീനിയര്‍ മാനേജ്മെന്റ് അംഗങ്ങള്‍, നഴ്സിംഗ് ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഹോസ്പിറ്റലില്‍ ഒരു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. സര്‍ക്കാര്‍ ആരോഗ്യ വകുപ്പുമായി ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനായി ഒരു നോഡല്‍ ഓഫീസറേയും നിയമിച്ചു. രോഗികള്‍, കൂടെനില്ക്കുന്നവര് എന്നിവര്‍ക്ക് കര്‍ശനമായ പരിശോധനയാണ് ഹോസ്പിറ്റലില്‍ നടത്തുന്നത്. അവരുടെ യാത്രാചരിത്രം, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തുന്നുണ്ട്. ലക്ഷണങ്ങളൊന്നുമില്ലാത്തവരെ മാത്രമാണ് ഒപിഡിയിലേയ്ക്ക് കടത്തിവിടുന്നത്. പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ ഉടന്‍തന്നെ ഫീവര്‍ ക്ലിനിക്കിലേയ്ക്ക് അയക്കുന്നു. ഇവര്‍ക്ക് അടിസ്ഥാന മരുന്നുകള്‍ നല്കി ദിശ ഹെല്പ്പ്ലൈനില് അറിയിക്കുന്നു. എന്നാല്‍ രോഗബാധയുണ്ടെന്ന് സംശയമുള്ളവരെ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്ത് സ്രവം പരിശോധനയ്ക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ സര്‍ക്കാര്‍ അധികൃതരെ അറിയിക്കുന്നുമുണ്ട്. എന്നാല്‍ കേസുകളുടെ എണ്ണത്തിലെ ഗുരുതരമായ വര്‍ധനവിനെത്തുടര്‍ന്ന് രോഗപരിശോധന നടത്താനും ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രോഗബാധിതര്‍ക്ക് വിപിഎസ് ലേക്ക്ഷോറില്ത്തന്നെ ചികിത്സ തുടരാനോ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് പോകാനോ സാധിക്കും. വിപിഎസ് ലേക്ക്ഷോറിലെ ലാബിന് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള അംഗീകാരം ലഭിച്ചിട്ടുണെന്നും 3 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
പോസിറ്റീവായവരെ താമസിപ്പിക്കുന്നതിനു മാത്രമായി ഹോസ്പിറ്റലിന്റെ ഒരു ഫ്ളോര്‍ നീക്കിവെച്ചിട്ടുണ്ട്. ഇവരുടെ ഉപയോഗത്തിനു മാത്രമായി ഒരു ലിഫ്റ്റ്, എയര്‍ ഹാന്‍ഡ്ലിംഗ് യൂണിറ്റ്, പരിശീലനം ലഭിച്ച സ്റ്റാഫംഗങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍, പരിശോധനാ സൗകര്യങ്ങള്‍ എന്നിവയും നീക്കിവെച്ചിട്ടുണ്ട്. രോഗം ബാധിച്ചുവെന്ന് സംശയമുള്ളവര്‍ക്ക് പൂര്‍ണമായ പിപിഇ കിറ്റ് ധരിക്കണമെന്നും നിര്‍ബന്ധമുണ്ട്.
ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെട്ട മുഴുവന്‍ പേരും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച ശേഷം മാത്രമാണ് വിവിധ സേവനങ്ങള്‍ നല്‍കുന്നത് എന്ന കാര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യമായ എല്ലാ സന്ദര്‍ഭങ്ങളിലും പിപിഇ കിറ്റുകള്‍ ധരിച്ചിരിക്കണമെന്ന് നിബന്ധന ഉള്‍പ്പെടെയാണിത്.
2003-ല്‍ സ്ഥാപിതമായതു മുതല്‍ വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ കാന്‍സറുള്‍പ്പെടെയുള്ള ഒട്ടേറെ സങ്കീര്‍ണമായ രോഗങ്ങളുടെ ചികിത്സയില്‍ മുന്‍നിരയിലുണ്ട്. വിവിധ സ്പെഷ്യാലിറ്റികളില്‍ ഇവിടെയുള്ള ഡോക്ടര്‍മാര്‍ ഈ രംഗത്തെ സംസ്ഥാനത്തുള്ള ഏറ്റവും മികച്ച ഡോക്ടര്‍മാരാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കുന്ന അണുനശീകരണം പൂര്‍ത്തിയായ ശേഷം ഡിഎംഒയുടെയും മറ്റു അധികാരികളുടെയും നിര്‍ദേശപ്രകാരം ഹോസ്പിറ്റലിലെ ഒപിഡി കണ്‍സള്‍ട്ടേഷനുകളും ഐപിഡി അഡ്മിഷനുകളും പുനരാരംഭിക്കുന്നത്തിനെ കുറിച്ച് അറിയിക്കുന്നതായിരിക്കും. കേരളമെങ്ങും കോവിഡ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികളുടേയും സ്റ്റാഫിന്റേയും സുരക്ഷയില്‍ ഹോസ്പിറ്റല്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണ്. എല്ലാ പ്രവേശന കവാടങ്ങളിലും ഹാന്‍ഡ് സാനിറ്റൈസിംഗ്, ബൈസ്റ്റാന്ഡര്മാരുടെ എണ്ണം പരിമിതപ്പെടുത്തല്‍, സാമൂഹ്യ അകലം പാലിയ്ക്കല്‍, നിര്‍ബന്ധമായും മാസ്കുകള്‍ ധരിക്കല്‍ എന്നിവ ഉള്‍പ്പെടെ ഐസിഎംആറും സംസ്ഥാന ആരോഗ്യവകുപ്പും നിര്‍ദേശിക്കുന്ന എല്ലാ സുരക്ഷാചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഞങ്ങള്‍ പാലിക്കുന്നുണ്ട്. കോവിഡ് ദിനങ്ങളിലും ആയിരക്കണക്കിനു വരുന്ന രോഗികള്‍ക്ക് വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ പ്രതീക്ഷയുടെ കിരണമാകും – എന്നാല്‍ രോഗികളുടേയും സ്റ്റാഫിന്റേയും സുരക്ഷയായിരിക്കും ഞങ്ങള്‍ക്ക് ഏറ്റവും പരമപ്രധാനം.
