
നവംബർ 12 ന്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ്, ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന തമിഴ് സൂപ്പർതാരം സൂര്യയുടെ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിൻ്റെ മലയാളം ട്രെയ്ലറിൽ ശ്രദ്ധേയമായ് നടൻ നരേൻ്റെ ശബ്ദം.
ചിത്രത്തിൻ്റെ മലയാളം പതിപ്പിൽ, സൂര്യയ്ക്ക് വേണ്ടി മലയാളം ഭാഷയിൽ ഡബ്ബ് ചെയ്തിരിക്കുന്നത് പ്രശസ്ത നടൻ നരേൻ ആണ്. ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക്, കന്നട ട്രെയിലറുകൾക്കൊപ്പം മലയാളത്തിൽ പുറത്തിറങ്ങിയ ട്രെയ്ലറിനും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
എയർ ഡെക്കാൻ സ്ഥാപകൻ ജി.ആർ ഗോപിനാഥിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ തിയേറ്റർ റിലീസ് ഏപ്രിലിൽ നിശ്ചയിച്ചിരുന്നതാണ്, പക്ഷേ പിന്നീട് രാജ്യത്ത് കൊറോണ ഭീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സൂര്യ തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ മലയാളിയായ അപർണ്ണ ബാലമുരളിയാണ് നായിക. ഇരുവരേയും കൂടാതെ ചിത്രത്തിൽ, ഉർവ്വശി, തെലുങ്ക് നടൻ മോഹൻ ബാബു, ബോളിവുഡ് താരങ്ങളായ ജാക്കി ഷറോഫ്, പരേഷ് റാവൽ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന് വേണ്ടി ജി.വി പ്രകാശ് കുമാർ ഒരുക്കിയ പാട്ടുകൾ ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ചിത്രം റിലീസ് ചെയ്യുന്നതിൽ ആരാധകർക്ക് സന്തോഷമുണ്ടെങ്കിൽപ്പോലും, ചിത്രത്തിന് തങ്ങൾ ആഗ്രഹിച്ചതുപോലെ ഒരു തിയേറ്റർ റിലീസ് ഉണ്ടാകില്ല എന്നത് സൂര്യ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. എന്തായാലും, ചിത്രത്തിൻ്റെ ഓൺലൈൻ റിലീസ് ഒരു വൻ സംഭവമാക്കാൻ തന്നെയാണ് ആരാധകരുടെ തീരുമാനം.
‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം, സൂര്യ അടുത്തതായ് അഭിനയിക്കുക, സൺ പിക്ചേഴ്സിൻ്റെ നിർമ്മാണത്തിൽ പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാകുമെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ‘സൂരറൈ പോട്ര്’ ചിത്രത്തിൻ്റെ പ്രചരണാർത്ഥം നൽകിയ ഒരു അഭിമുഖത്തിൽ സൂര്യ തന്നെ തൻ്റെ അടുത്ത മൂന്ന് ചിത്രങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
ഒൻപത് സംവിധായകരുടെ ഒൻപത് ഷോർട്ട് ഫിലിമുകൾ ചേർത്ത്, സംവിധായകൻ മണിരത്നം നിർമ്മിക്കുന്ന ‘നവരസ’ എന്ന തമിഴ് ആന്തോളജി ചിത്രത്തിൽ, ‘180’ എന്ന ചിത്രമൊരുക്കിയ ജയേന്ദ്ര പഞ്ചപകേശൻ സംവിധാനം ചെയ്യുന്ന ഷോർട്ട് സ്റ്റോറിയിലാണ് സൂര്യ അടുത്തതായ് അഭിനയിക്കുക. അതിനുശേഷം, പാണ്ഡ്യരാജ് ചിത്രവും, പിന്നാലെ വെട്രിമാരൻ ഒരുക്കുന്ന ‘വാടിവാസൽ’ എന്ന ചിത്രത്തിലും അഭിനയിക്കുമെന്ന് സൂര്യ വ്യക്തമാക്കി.
