
സുരേഷ് ഗോപിയുടെ 250-ാം ചിത്രവും, അതിലെ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന നായക കഥാപാത്രവും, ‘കടുവ’ എന്ന തൻ്റെ പൃഥ്വിരാജ് ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തി ഒരുക്കിയതാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് ജിനു നൽകിയ പരാതിയിൽ പകര്‍പ്പാവകാശ ലംഘനം ചൂണ്ടിക്കാട്ടി സുരേഷ് ഗോപി ചിത്രത്തിന് ആ പേര് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയ ഹൈക്കോടതി വിധിക്ക് പിന്നാലെ, ചിത്രത്തിൻ്റെ പുതിയ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ.
ഷിബിന്‍ ഫ്രാന്‍സിസിൻ്റെ തിരക്കഥയിൽ, മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച്, നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് ‘ഒറ്റക്കൊമ്പൻ’ എന്നാണ് പുതിയതായ് പേര് നൽകിയിരിക്കുന്നത്. ‘കടുവ’ ചിത്രത്തിലെ നായകൻ പൃഥ്വിരാജ് ഒഴികെ, മമ്മൂട്ടിയും മോഹന്‍ലാലും ദുൽഖറും നിവിൻ പോളിയും ഫഹദ് ഫാസിലും ജയറാമും ഉള്‍പ്പെടെ 100 ലധികം മലയാള സിനിമാതാരങ്ങള്‍ ചേര്‍ന്നാണ് സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. “അറ്റാക്ക് ടു ഡിഫന്‍ഡ്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈന്‍.
നേരത്തെ, സുരേഷ് ഗോപി ചിത്രത്തിനായ്, കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേര് ഉപയോഗിക്കുന്നതും ഈ നായക കഥാപാത്രത്തെ മുന്‍നിര്‍ത്തി പ്രചരണങ്ങള്‍ നടത്തുന്നതും വിലക്കിക്കൊണ്ടുള്ള ജില്ലാ കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പേരോ, പ്രമേയമോ അണിയറപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്നും, കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേരുള്ള നായക കഥാപാത്രത്തെ വച്ച് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം നടത്തുന്നതും കോടതി വിലക്കിയിരുന്നു.
പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, ജിനു എബ്രഹാം തിരക്കഥ എഴുതി, മുൻകാല സൂപ്പർ സംവിധായകൻ ഷാജി കൈലാസ് ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയുന്ന ‘കടുവ’ എന്ന ചിത്രം. ചിത്രം നിർമ്മിക്കുന്നത് നായകൻ പൃഥ്വിരാജും, ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.
