
ഇന്നലെ ഒരേ ദിവസം തന്നെ, കായിക ചരിത്രത്തിലെ രണ്ട് അപൂർവ്വ റെക്കോർഡുകൾക്കൊപ്പമെത്തി റാഫേൽ നദാലും, ലൂയിസ് ഹാമിൽട്ടണും.
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വിജയിയായതിനെ തുടർന്ന് സ്വിസ്സ് ഇതിഹാസം റോജർ ഫെഡററുടെ ഇരുപത് ഗ്രാൻഡ്സ്ലാം എന്ന റെക്കോർഡിനൊപ്പം റാഫേൽ നദാലും, ഫോർമുല വൺ കാറോട്ട മത്സരത്തിൽ, ഇന്നലെ നടന്ന ജർമ്മൻ ഗ്രാൻഡ്പ്രീ ജയിച്ച്, കാറോട്ട മത്സര രംഗത്തെ ഇതിഹാസമായ മൈക്കിൾ ഷൂമാക്കരുടെ 91 ഗ്രാൻഡ്പ്രീ വിജയങ്ങൾ എന്ന റെക്കോർഡിനൊപ്പം ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടനുമെത്തി.
ഗ്രാൻഡ്സ്ലാമുകളിലെ ഏക കളിമണ്‍ കോര്‍ട്ട് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണില്‍, ഇന്നലെ നടന്ന ഫൈനലിൽ നിലവിലെ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് നദാൽ ചരിത്രം സൃഷ്ടിച്ചത്. സ്കോർ : 6-0, 6-2, 7-5. കഴിഞ്ഞ 16 വർഷത്തിനിടെ, തൻ്റെ കരിയറിലെ 13-ാം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടമാണ് നദാൽ നേടിയിരിക്കുന്നത്. നിലവിൽ, ഏറ്റവും കൂടുതൽ ഫ്രഞ്ച് ഓപ്പണുകൾ നേടിയ താരമാണ് സ്പെയിൻ്റെ റാഫേൽ നദാൽ.
18ാം ഗ്രാൻഡ്സ്ലാം കിരീടം തേടിയിറങ്ങിയ ദ്യോക്കോവിച്ചിനെ ഒരു ഗെയിം പോയിന്റ് പോലും നേടാൻ അനുവദിക്കാതെയാണ് നദാൽ ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിലും നദാലിന് കാര്യമായ വെല്ലുവിളി ഉയർത്താൻ ദ്യോക്കോവിച്ചിനായില്ല. മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പൊരുതിനോക്കിയെങ്കിലും, അവസാനം നദാലിൻ്റെ കരുത്തിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. ഇത് മൂന്നാം തവണയാണ് ഇരുവരും ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഏറ്റുമുട്ടുന്നത്. മൂന്ന് തവണയും ജയം നദാലിനൊപ്പം നിന്നു.
ഏറ്റവും കൂടുതല്‍ ഗ്രാൻഡ്സ്ലാമുകള് എന്ന തൻ്റെ റെക്കോര്‍ഡ് പങ്കിടാന്‍ നദാല്‍ ഒപ്പമെത്തിയതില്‍ സന്തോഷം അറിയിച്ച റോജര്‍ ഫെഡറര്‍ അകമഴിഞ്ഞ അഭിനന്ദനവും ചൊരിഞ്ഞു. ഏറ്റവും മികച്ച താരം ജയിച്ചു, നദാലിത് അര്‍ഹിക്കുന്നുവെന്ന് ദ്യോക്കോവിച്ചും അഭിപ്രായപ്പെട്ടു.
2007 ൽ ഫോർമുല വൺ കാറോട്ട മത്സരത്തിൽ അരങ്ങേറിയ ലൂയിസ് ഹാമിൽട്ടൺ, സീസണിലെ തൻ്റെ ഏഴാം വിജയത്തോടെയാണ്, ഷൂമാക്കരുടെ 91 ഗ്രാൻഡ്പ്രീ വിജയങ്ങൾ എന്ന റെക്കോർഡിനൊപ്പം എത്തിയത്. സീസണിൽ ഇനിയും ആറ് മത്സരങ്ങൾ ബാക്കിനിൽക്കുന്നതിനാൽ, നടപ്പ് സീസണിൽ തന്നെ ഷൂമാക്കാരുടെ റെക്കോർഡ് മറികടക്കാനുള്ള അവസരം ഹാമിൽട്ടന് മുന്നിലുണ്ട്.
മുൻപ് ആറ് തവണ ഫോർമുല വൺ ലോക ജേതാവായിട്ടുള്ള ലൂയിസ് ഹാമിൽട്ടൺ, നിലവിൽ 230 പോയിന്റുമായി ലോകകിരീടം ഏറെക്കുറെ ഉറപ്പാക്കിയ മട്ടാണ്. അങ്ങനെ സംഭവിച്ചാൽ, ഏഴുതവണ ചാമ്പ്യനായിട്ടുള്ള ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്താനും ഹാമിൽട്ടണ് അവസരമൊരുങ്ങും. ഒക്ടോബർ 23 മുതൽ 25 വരെ പോർച്ചുഗലിൽ വെച്ചാണ് സീസണിലെ അടുത്ത മത്സരം.
പോർച്ചുഗൽ ഗ്രാൻഡ്പ്രീയിൽ തന്നെ, ഹാമിൽട്ടൺ ഷൂമാക്കറുടെ മത്സര വിജയങ്ങളുടെ റെക്കോർഡ് മറികടക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
