
‘ബാഹുബലി’ ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ടോപ്പ് സംവിധായകരിൽ ഒരാളായ് മാറിയ എസ്.എസ്. രാജമൗലി ഒരുക്കുന്ന ‘രൗദ്രം രണം രുധിരം’ എന്ന ഏറ്റവും പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കോവിഡ് പ്രോട്ടോകോൾ പാലിച്ച് പുനരാരംഭിച്ചത് വലിയ വാർത്തയായിരുന്നു. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരങ്ങളായ രാംചരണും എൻ.ടി.ആറുമാണ് നായകന്മാർ.
സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് രാജമൗലി ചിത്രം ഒരുക്കുന്നത്. അല്ലൂരി സീതാരാമ രാജുവായ് രാംചരണും, കോമരം ഭീം എന്ന കഥാപാത്രമായ് എൻടിആറും അഭിനയിക്കുന്നു. സംവിധായകൻ രാജമൗലിയുടെ അച്ഛനും, ‘ബാഹുബലി’ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായിരുന്ന വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ, രാംചരൻ്റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ കഥാപാത്രമായ അല്ലൂരി സീതാരാമ രാജുവിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ചിത്രീകരണം പുനരാരംഭിച്ചതിൻ്റെ സന്തോഷത്തിൽ, എൻ.ടി.ആർ കഥാപാത്രമായ കോമരം ഭീമിനെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
രാംചരൺ ആണ്, ചിത്രത്തിൽ തന്റെ സഹോദരനായെത്തുന്ന കോമരം ഭീം എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്ന ടീസർ പങ്കുവെച്ചിരിക്കുന്നത്. ഭീം ആയി അഭിനയിക്കുന്ന എൻടിആറിന്റെ വേഷപകർച്ചയാണ് പുതിയ ടീസറിലുള്ളത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് ഭീമായി എൻടിആർ ടീസറിൽ എത്തിയിരിക്കുന്നത്.
രാംചരണും എൻ.ടി.ആറിനും പുറമെ, ഹിന്ദി സിനിമയിലെ സൂപ്പർതാരം അജയ് ദേവ്ഗൺ ഒരു സുപ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് ഹിന്ദിയിൽ നിന്നുതന്നെയുള്ള ആലിയ ഭട്ട് ആണ്. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ത്രില്ലർ നിർമ്മിക്കുന്നത് ഡിവിവി എൻ്റർടൈൻമെൻറ്സിൻ്റെ ബാനറിൽ ഡിവിവി ദാനയ്യ ആണ്.
2021 ജനുവരി 8ന്, സംക്രാന്തിക്ക്, ലോകമെമ്പാടുമായ് 10 ഭാഷകളിൽ റിലീസ് ചെയ്യാൻ പദ്ധതിയിടുന്ന ചിത്രത്തിൻ്റെ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള നിലവിലെ ഹൈദരാബാദ് ഷെഡ്യുളിൽ രണ്ട് നടന്മാരും ഭാഗമാകുന്നുണ്ട്. നായികയായ ആലിയ ഭട്ട് നവംബറിൽ ഷൂട്ടിംഗിനായി ടീമിനൊപ്പം ചേരും. അജയ് ദേവ്ഗൺ, ഒലീവിയ മോറിസ്, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്സ് തുടങ്ങിയവരും വരും ഷെഡ്യൂളുകളിൽ ടീമിനൊപ്പം എത്തുന്നതാണ്.
