
അന്തരിച്ച പ്രമുഖ ചലച്ചിത്രകാരൻ സച്ചി അവസാനമായ് തിരക്കഥ എഴുതി സംവിധാനം ചെയ്ത്, പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ നായകന്മാരായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. പൃഥ്വിരാജിൻ്റെയും ബിജു മേനോൻ്റെയും കരിയറിലെ തന്നെ മികച്ച വിജയങ്ങളിൽ ഒന്നായ് മാറിയ ചിത്രം, മലയാളത്തിന് പുറത്ത് തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതായ് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ചിത്രത്തിൻ്റെ തമിഴ് റീമേക്ക് അവകാശം ‘ആടുകളം’, ‘ജിഗാര്‍ത്താണ്ഡ’ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച കതിരേശന് സ്വന്തമാക്കിയതായും, ചിത്രത്തിലെ അയ്യപ്പൻ, കോശി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശരത്കുമാറിനേയും, ശശികുമാറിനേയും തിരഞ്ഞെടുത്തതായും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൻ്റെ ഹിന്ദി പകർപ്പവകാശം ബോളിവുഡ് നടൻ ജോൺ എബ്രഹാമാണ് സ്വന്തമാക്കിയിരിക്കുന്നത്.
തെലുങ്കിൽ ധാരാളം സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള, സൂര്യ ദേവര നാഗ വംശി എന്ന നിർമ്മാതാവാണ് തെലുങ്ക് റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ സിതാര എൻ്റർടൈന്മെന്റ്സ് നിർമ്മിച്ച്, സാഗര്‍ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്കിലെ മുൻനിര നായകനായ പവർസ്റ്റാർ പവൻ കല്യാൺ, ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രമായ് വേഷമിടും.
പവൻ കല്യാൺ ചിത്രത്തിൻ്റെ ഭാഗമാകുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ടൈറ്റിൽ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഗബ്ബർ’ സീരീസിന് ശേഷം, പവൻ കല്യാൺ വീണ്ടും പോലീസ് യൂണിഫോമിലെത്തുന്നു എന്ന പ്രത്യേകതയുമായ് ഒരുങ്ങുന്ന ചിത്രത്തിൽ, പൃഥ്വിരാജ് കഥാപാത്രം കോശിയായ് റാണ ദഗ്ഗുബട്ടി എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച്, യുവതാരം നിതിന്‍ ആ വേഷം കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്.
തമൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം, അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ, ‘പിങ്ക്’ എന്ന ഹിന്ദി ചിത്രത്തിൻ്റെ തെലുങ്ക് റീമേക്ക് ആയ ‘വക്കീൽ സാബി’ൽ അഭിനയിച്ച് വരികയാണ് പവൻ കല്യാൺ. ലോക്ക്ഡൗൺ മൂലം ചിത്രീകരണം നിന്നുപോയ ചിത്രം പൂർത്തിയാക്കിയ ശേഷമാകും പവൻ കല്യാൺ പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യുക.
2020 ഫെബ്രുവരി മാസത്തിൽ റിലീസ് ചെയ്ത ‘അയ്യപ്പനും കോശിയും’, ബിജു മേനോന് അവതരിപ്പിക്കുന്ന എസ്.ഐ അയ്യപ്പന് നായരും പൃഥ്വിരാജ് അവതരിപ്പിച്ച റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ കോശി കുര്യനും തമ്മിലുള്ള ഈഗോയുടേയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടേയും കഥയായിരുന്നു.
ഗോൾഡ്കോയിൻ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് നിർമ്മിച്ചിരിക്കുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ കൂടാതെ സംവിധായകൻ രഞ്ജിത്ത്, അനു മോഹൻ, അനിൽ നെടുമങ്ങാട്, ഗൗരി നന്ദ, അന്ന രേഷ്മ രാജൻ, സാബുമോൻ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
