
പല കാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് നിന്നുപോയ ജനപ്രിയ നായകൻ ദിലീപ് നായകനായ ‘പ്രൊഫസർ ഡിങ്കൻ’ എന്ന ചിത്രത്തിൻ്റെ പേരില്‍ അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പ്രവാസി വ്യവസായി റാഫേല്‍ പി തോമസ്.
പാതി പൂര്‍ത്തിയായ ചിത്രത്തിൻ്റെ ഭാഗങ്ങള്‍ കാണിച്ച്, നിര്‍മ്മാതാവായ സനല്‍ തോട്ടം പലരില്‍ നിന്നുമായി കാശ് തട്ടുകയാണെന്നും, നിലവിൽ അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്ന് കഴിഞ്ഞതായും റാഫേൽ മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പറയുന്നു. നിലവിലെ കരാര്‍ പ്രകാരം സിനിമയുടെ പൂര്‍ണമായ അവകാശം തനിക്കാണ്, എന്നാല്‍ അത് അനുവദിച്ചു തരാന്‍ സനല്‍ തയ്യാറാവുന്നില്ല. അതുപോലെ, താന്‍ നാട്ടില്‍ എത്തിയാല്‍ ഗുണ്ടകളെ വിട്ട് കൊലപ്പെടുത്തുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും റാഫേല്‍ പരാതിയില്‍ പറയുന്നു.
ദിലീപിൻ്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായ് ചിത്രീകരണം ആരംഭിച്ച ‘പ്രൊഫസർ ഡിങ്കൻ’ സംവിധാനം ചെയ്തിരുന്നത് പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു ആയിരുന്നു. എന്നാൽ, ചിത്രം പൂർത്തിയാകും മുൻപേ, കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം അന്തരിക്കുകയും, അതോടെ ചിത്രം പിന്നീട് എന്നന്നേക്കുമായ് നിന്നുപോവുകയും ആയിരുന്നു.
കുട്ടികളെ മുന്നിൽക്കണ്ട്, പൂര്‍ണമായും ത്രീഡി ടെക്നോളജി ഉപയോഗിച്ച് ചിത്രീകരിച്ച ചിത്രത്തിൽ, ദിലീപ് ഒരു മജീഷ്യൻ ആയാണ് പ്രത്യക്ഷപ്പെടുന്നത്. നമിത പ്രമോദ് നായികയാകുന്ന ചിത്രത്തിൻ്റെ തിരക്കഥ സംവിധായകൻ റാഫിയുടേതായിരുന്നു.
