
തിന്മയുടെ മേല്‍ നന്മയുടെ വിജയം എന്നതാണ് നവരാത്രി നല്കുന്ന സന്ദേശം. നവരാത്രി എന്ന സംസ്കൃത പദത്തിന് ഒമ്പത് രാത്രികള്‍ എന്നാണ് അര്‍ത്ഥം. ഈ ഉത്സവത്തില്‍ ശക്തിയുടെ ഒമ്പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. ഈ ദിവസങ്ങളിലെ പൂജകള്‍ക്കും പ്രത്യേകതകളുണ്ട്.
ഹൈന്ദവ ആരാധനയുടേയും നൃത്തത്തിൻ്റെയും ഉത്സവം കൂടിയാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ പാര്‍വ്വതി ദേവിയേയും അടുത്ത മൂന്ന് ദിവസങ്ങള്‍ ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസങ്ങള്‍ സരസ്വതീ ദേവിയേയും സങ്കല്‍പ്പിച്ചാണ് പൂജകള്‍. കാല ദേശങ്ങള്‍ക്കതീതമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ ലക്ഷ്യം ഒന്നു തന്നെ. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണവും തിന്മയുടെമേല് നന്മയ്ക്കുണ്ടാകുന്ന വിജയവും.
നവരാത്രി ഉത്സവത്തില്‍ ആദ്യം പറയേണ്ടത് പൂജവയ്പ്പിനെക്കുറിച്ചാണ്. വിവിധങ്ങളായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അന്നേ ദിവസങ്ങളില്‍ തൻ്റെ ആയുധങ്ങള്‍ പൂജവയ്ക്കുന്നു. കുട്ടികള്‍ അവരുടെ പഠനോപകരണങ്ങളും ദേവീപ്രീതിയ്ക്കായി സമര്‍പ്പിക്കും. ദുര്‍ഗാഷ്ടമി ദിവസത്തെ സായാഹ്നഹ്നത്തിലാണ് പൂജ വയ്ക്കുന്നത്. പൂജവയ്ക്കുന്നത് ക്ഷേത്രങ്ങളിലോ വീടുകളിലോ ആവാം. ഇവയ്ക്കൊപ്പം ദേവീ രൂപവും പുഷ്പങ്ങളും ഒരുക്കി നിലവിളക്കും കൊളുത്തി വയ്ക്കണം. പൂജവയ്പ്പിൻ്റെ രണ്ടാം ദിവസം മഹാനവമിയെന്ന് അറിയപ്പെടുന്നു. മഹാനവമി ദിനത്തില്‍ പൂജവച്ചിരിക്കുന്നവ മൂന്നാം ദിവസമായ വിജയദശമിയില്‍ പൂജ എടുക്കുന്നു. വിദ്യാരംഭം കുറിക്കുന്ന ദിവസമാണന്ന്. വീടുകളില്‍ പൂജ വച്ചിരിക്കുന്നവര്‍ വിജയ സൂചകമായ ഈ ദിവസം രാവിലെ ക്ഷേത്ര ദര്‍ശനത്തിനുശേഷം ദേവിയുടെ തിരുമുമ്പില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പൂജവെച്ചിരിക്കുന്ന ആയുധങ്ങളും മറ്റും തിരികെ എടുക്കാവുന്നതാണ്. ദേവീപ്രീതി സമ്പാദിക്കുന്ന ഈ ദിവസം ”ഹരീ ശ്രീ ഗണപതയേ നമ:” എന്ന് അരിയില്‍ എഴുതിക്കൊണ്ട് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പിച്ചവെച്ചുതുടങ്ങും. നവരാത്രി ദിവസങ്ങളില്‍ കാണുന്ന മറ്റൊരു പ്രത്യേക ആചാരമാണ് ബൊമ്മക്കൊലു. ദേവിയുടെ ചെറുതും വലുതുമായ രൂപങ്ങള്‍ മണ്ണില്‍ നിര്‍മ്മിച്ച് ആ രൂപത്തെ ഭംഗിയായി അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷം കൂടിയാണ് നവരാത്രി. ഇത്തരത്തില്‍ അലങ്കരിച്ച ബൊമ്മക്കൊലു സര്‍വ്വ ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം.
ധർമ്മ സംരക്ഷണത്തിൻ്റെയും വിജയത്തിൻ്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകളെല്ലാം നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാർക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്, ചണ്ഡാസുരന്, രക്തബീജന്, ശുഭനിശുംഭന്മാര്, ധൂമ്രലോചന്‍, മുണ്ഡാസുരന് എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. ദുർഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി.
കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതൽ ഒൻപത് ദിവസമാണ് ആഘോഷം. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേർന്ന് ദുർഗ്ഗാദേവിയായി രൂപം പൂണ്ട് ഒൻപത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളില്‍ പ്രധാനം.
കേരളത്തിൽ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിൻ്റെയും സമയമാണ്. അഷ്ടമി നാളിൽ എല്ലാവരും പണിയായുധങ്ങൾ പൂജയ്ക്കുവയ്ക്കുന്നു. മഹാനവമി ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം വിദ്യാരംഭം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ദുര്‍ഗ്ഗ മഹിഷാസുരനെ ജയിച്ചെന്ന കഥ വിദ്യയുടെ ആവിർഭാവത്തോടെ അജ്ഞാനാന്ധകാരം നശിച്ചു എന്നതിൻ്റെ സൂചനയായി കണക്കാക്കുന്നു.
ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസാരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമായി ഇതിനെ പരിഗണിക്കുന്നു. ദുര്‍ഗയുടെ തന്നെ രൂപാന്തര സങ്കല്പമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭ ദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തൻ്റെ ആയുധങ്ങളെയും സാഹിത്യകാരൻ തൻ്റെ ഗ്രന്ഥങ്ങളെയും തൂലികയെയും സംഗീതജഞർ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ സമര്‍പ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂർത്തത്തിൽ പ്രാർത്ഥനാപൂര്‍വം അവ തിരികെ എടുക്കുന്നു.
നവരാത്രി വ്രതം :
അമാവാസി മുതലാണ് വ്രതം തുടങ്ങേണ്ടത്. രാവിലെ കുളി കഴിഞ്ഞ് ക്ഷേത്ര ദര്‍ശനം നടത്തണം. ദിവസവും ഒരു നേരം മാത്രമേ അരിയാഹാരം പാടുള്ളൂ. വിദ്യാലാഭത്തിനായി സരസ്വതീ ദേവിയെയാണ് ഭജിക്കേണ്ടത്.
സരസ്വതി നമസ്തുഭ്യം
വരദേ കാമ രൂപിണേ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ
എന്ന മന്ത്രം വ്രതദിനങ്ങളിൽ ഉരുവിടുന്നത് അതി ശ്രേഷ്ഠമാണ്. എല്ലാ ദിവസവും വ്രതം എടുക്കാന്‍ സാധിക്കാത്തവര്‍ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളില്‍ വ്രതം നോക്കണം. മഹാകാളി, മഹാലക്ഷ്മി, സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ പൂജിക്കേണ്ടത്. എന്നിരിക്കിലും, ഒൻപത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.
സീതയെ വീണ്ടെടുക്കാനായി ശ്രീരാമചന്ദ്രനാണ് ആദ്യം നവരാത്രി വ്രതം നോറ്റത് എന്നാതാണ് മറ്റൊരു ഐതീഹ്യം. ഒമ്പത് ദിവസം ദേവീ പൂജ നടത്തി വ്രതം നോറ്റ ശ്രീരാമന് സീതാദേവിയെ വീണ്ടെടുത്തു. ദേവീ പ്രീതിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.
വിദ്യാർത്ഥികളല്ലാത്തവർക്ക് മോക്ഷ പ്രാപ്തിക്കും ശത്രുനാശത്തിനും ദാരിദ്ര്യ ദുഃഖങ്ങള്‍ ഇല്ലാതാവാനും സര്‍വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും. നവരാത്രി വ്രതകാലത്ത് സന്ധ്യയ്ക്ക് സൗന്ദര്യ ലഹരിയിലെ ഓരോ ശ്ലോകങ്ങളും പാരായണം ചെയ്താല്‍ കുടുംബത്തില്‍ ഐശ്വര്യം കുടിയിരിക്കുമെന്നാണ് വിശ്വാസം. ഒമ്പത് തിരിയിട്ട നിലവിളക്കിനു മുന്നില്‍ വേണം ശ്ലോകങ്ങള്‍ അർഥം മനസ്സിലാക്കി പാരായണം ചെയ്യേണ്ടത്.
ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. ഈ വേളയില്‍ വ്രതമനുഷ്ഠിച്ച് ഭക്തന്മാര് കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിൻ്റെ ഫലസിദ്ധിയും ദേവീഭാഗവതത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണർത്താനായ് ബ്രഹ്മദേവന് സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുർഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. ശുംഭനിശുംഭ വധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തിൽ വിവരിക്കുന്നുണ്ട്.
