
കോവിഡ് മഹാമാരിക്കിടയിലും ഫ്രാൻസിൽ അരങ്ങേറുന്ന, കളിമൺ കോർട്ടിലെ ഏക പ്രമുഖ ടെന്നീസ് ടൂർണമെൻറ് ആയ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം ഫൈനലിൽ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ദ്യോക്കോവിച്ച്, നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ സ്പെയിനിൻ്റെ റാഫേൽ നദാലിനെ നേരിടും.
പതിമൂന്നാം ഫ്രഞ്ച് ഓപ്പണ്‍ ലക്ഷ്യമിടുന്ന നദാല്‍ സെമിയില്‍ അര്‍ജന്റീനയുടെ ഡിയഗോ ഷ്വാര്‍ട്സ്മാനെ 6-3, 6-3, 7-6 എന്ന സ്കോറിന് തോല്‍പ്പിച്ചപ്പോള്‍, അഞ്ച് സെറ്റ് നീണ്ട മാരത്തോൺ മത്സരത്തിനൊടുവിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-3, 6-2, 5-7, 4-6, 6-1 എന്ന സ്കോറിന് കീഴടക്കിയാണ് ദ്യോക്കോവിച്ച് ഫൈനല്‍ ഉറപ്പിച്ചത്.
പത്തൊമ്പത് ഗ്രാന്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള നദാലും, പതിനേഴ് ഗ്രാന്സ്ലാമുകള് സ്വന്തമാക്കിയിട്ടുള്ള ദ്യോക്കോവിച്ചും കരിയറില്‍ ഇത് അമ്പത്താറാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗ്രാന്സ്ലാം ഫൈനലുകളില്‍ ഒമ്പതാം തവണയും. അവസാനമായി ഇരുവരും ഏറ്റുമുട്ടിയത് ജനുവരിയിൽ നടന്ന എടിപി കപ്പിലാണ്. അന്ന് ജയം ദ്യോക്കോവിച്ചിനായിരുന്നു. നേര്‍ക്കുനേര്‍ പോരാട്ടങ്ങളിൽ 29-26 എന്ന നിലയിൽ ദ്യോക്കോവിച്ചിനാണ് മേല്‍ക്കൈ.
ഇക്കുറി, നദാല്‍ ജേതാവായാല്‍ ഇരുപത് ഗ്രാന്സ്ലാമുകള് നേടിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പമെത്തും എന്ന പ്രത്യേകതയുമുണ്ട്. കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കു വിധേയനായ ഫെഡറർ, നേരത്തെ തന്നെ ടൂർണമെന്റിൽ നിന്നും പിന്മാറുന്നതായ് അറിയിച്ചിരുന്നു.
