
ഐപിഎല്ലിൽ, എട്ട് ടീമുകൾക്കും രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കേ, പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള മത്സരം കടുക്കുന്നു. ചെന്നൈ സൂപ്പർകിങ്സ് ഒഴികെയുള്ള ടീമുകൾക്കെല്ലാം സാധ്യത നിലനിൽക്കുന്നതിനാൽ, ഇനിയുള്ള ഓരോ മത്സരവും വാശിയേറിയതായിരിക്കുമെന്ന് ഉറപ്പിക്കാം.
നിലവിൽ, ഇന്നലെ നടന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരം ജയിച്ച മുംബൈ ഇന്ത്യൻസ് മാത്രമാണ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചിട്ടുള്ള ഏക ടീം. മുംബൈ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഇന്നിംഗ്സിൻ്റെ പിൻബലത്തിൽ, ബാംഗ്ലൂരിനെ 5 വിക്കറ്റിനാണ് മുംബൈ തോൽപ്പിച്ചത്. സൂര്യകുമാർ യാദവ് 43 പന്തിൽ 10 ഫോറും 3 സിക്സും പറത്തി, 79 റൺസെടുത്ത് പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ടീമിന്, മലയാളിയായ ദേവ്ദത്ത് പടിക്കലും (74) ജോഷ് ഫിലിപ്പെയും (33) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒരുവേള, സ്കോർ നിഷ്പ്രയാസം 200 കടക്കുമെന്ന് കരുതിയിടത്തുനിന്നും, അവസാന ഓവറുകളിലെ കണിശതയാർന്ന ബൗളിങ്ങിലൂടെ മുംബൈ ടീം ബാംഗ്ലൂരിനെ 164 റൺസിൽ ഒതുക്കുകയായിരുന്നു. മുംബൈയ്ക്കായ് ബുംറ നാലോവറിൽ 14 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, ഒരറ്റത്ത് പാറപോലെ ഉറച്ച്നിന്ന് സൂര്യകുമാർ യാദവ് പോരാടിയപ്പോൾ, മറുവശത്ത് തങ്ങളുടേതായ സംഭവനകളുമായ് മറ്റ് ബാറ്സ്മാന്മാരും മുംബൈയുടെ വിജയത്തിൽ നിർണ്ണായകമായി. ഇഷാൻ കിഷൻ (25), ക്വിൻ്റൻ ഡികോക് (18), ഹർദീക് പാണ്ഡ്യ (17) എന്നിവരാണ് മുംബൈയുടെ മറ്റ് പ്രധാന സ്കോറർമാർ. തുടർച്ചയായ മൂന്നാം മത്സരത്തിലും പരിക്കുമൂലം മുംബൈ നായകൻ രോഹിത് ശർമ്മ കളിക്കാതിരുന്നപ്പോൾ, പകരം വിൻഡീസിൻ്റെ കീറാൻ പൊള്ളാർഡ് മുംബൈയെ നയിച്ചു.
12 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ, 8 ജയവും 4 തോൽവിയുമായ് 16 പോയിന്റ് നേടി മുംബൈയാണ് ഒന്നാം സ്ഥാനത്ത്. 14 വീതം പോയിന്റുമായി ഡൽഹി ക്യാപ്പിറ്റൽസും, വിരാട് കോഹ്ലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.
12 വീതം പോയിന്റുകളുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും, പഞ്ചാബ് കിങ്സ് ഇലവനും, 10 വീതം പോയിന്റുകളുള്ള രാജസ്ഥാൻ റോയൽസിനും, സൺറൈസേഴ്സ് ഹൈദരാബാദിനും പ്ലേ ഓഫ് സാധ്യത നിലനിൽക്കുന്നു. ഇത്രയും തന്നെ മത്സരങ്ങളിൽ നിന്നും കേവലം 8 പോയിന്റ് മാത്രമുള്ള, ധോണിയുടെ ചെന്നൈ സൂപ്പർകിങ്സാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.
