
കളമശ്ശേരി മെഡിക്കൽ കോളേജ് കോവിഡ് വാർഡിലെ രോഗികളെ ഇനി മുതൽ റോബോട്ട് പരിചരിക്കും. കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിർമ്മിച്ച കർമിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷൻ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടി എത്തിച്ചിരിക്കുന്നത്.
രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക, രോഗികൾ ഉപയോഗിച്ച പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ. രോഗികളുമായുള്ള ആരോഗ്യ പ്രവർത്തകരുടെ സമ്പർക്കം പരമാവധി കുറയ്ക്കുക, PPE കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഒരിക്കൽ ചിട്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവർത്തനരീതി. 25 കിലോയോളം ആണ് കർമ്മി ബോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി. സെക്കൻഡിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ് ഇത്തവണത്തെ ഫോർബ്സ് മാഗസിനിലെ പ്രധാന ആകർഷണമായ കർമ്മി ബോഡിൻറെ മറ്റു പ്രത്യേകതകൾ. ലോക്ക്ഡൗൺ അവസാനിക്കുന്നതോടുകൂടി ഓട്ടോമാറ്റിക് ചാർജിംഗ്, സ്പർശന രഹിത ടെംപ്രേച്ചർ ചെക്കിഗ് തുടങ്ങിയ സംവിധാനങ്ങൾ റോബോട്ടിൽ ഉൾപ്പെട്ടുത്തുവാനാണ് അസിമോവ് റോബോട്ടിക്സ് പദ്ധതിയിട്ടുന്നത്.
ഇന്ന് രാവിലെ ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർമാരായ ശ്രീ മേജർ രവി, ശ്രീ വിനു കൃഷ്ണൻ, അസിമോവ് റോബോട്ടിക്സ് CEO ജയകൃഷ്ണൻ എന്നിവർ ചേർന്ന് റോബോട്ട് ജില്ലാ കളക്ടർ എസ് .സുഹാസിന് കൈമാറി. ചടങ്ങിൽ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ തോമസ് മാത്യു , RMO ഡോക്ടർ ഗണേഷ് മോഹൻ, ഡോക്ടർ മനോജ് ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു.

TRIO suresh
April 25, 2020 at 6:48 PM
Anna great.