
ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ‘ടേക്ക് ഓഫ്’, കോവിഡ് കാല പരീക്ഷണ ചിത്രം ‘സീ യു സൂൺ’, ചിത്രീകരണം പൂർത്തിയാക്കി റിലീസിന് തയ്യാറായിരിക്കുന്ന ‘മാലിക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം, ഫഹദ് ഫാസിലിനെ നായകനാക്കി വീണ്ടുമൊരു ചിത്രമൊരുക്കാൻ പ്രശസ്ത എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണൻ.
ഇക്കുറി സംവിധായകനായല്ല, മറിച്ച്, തിരക്കഥാകൃത്തിൻ്റെ റോളിലാണ് മഹേഷ് നാരായണൻ എത്തുക. മഹേഷ് നാരായണൻ, വി.കെ.പ്രകാശ്, വേണു എന്നിവരുടെ കൂടെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച് പരിചയമുള്ള സജിമോൻ, ആദ്യമായ് സ്വതന്ത്ര സംവിധായകനാകുന്ന ഫഹദ് ഫാസിൽ ചിത്രത്തിന് വേണ്ടിയാണ് മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്നത്.
ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം, ഒരു റിയലിസ്റ്റിക് എൻ്റർടെയ്നർ ആയിരിക്കുമെന്നും, തിരക്കഥയുടെ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണെന്നും സംവിധായകൻ സജിമോൻ പറഞ്ഞു. അടുത്ത വർഷം തുടക്കത്തോടെ തന്നെ ചിത്രീകരണമാരംഭിക്കാൻ പദ്ധതിയിടുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ ആരൊക്കെ എന്ന് തീരുമാനിച്ച് വരുന്നതേയുള്ളൂ എന്നും സംവിധായകൻ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് കുട്ടിക്കാനത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘ഇരുൾ’ ആണ് ഫഹദ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. ശ്യാം പുഷ്ക്കരൻ്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ ഒരുക്കുന്ന ‘ജോജി’, അൽഫോൻസ് പുത്രൻ ചിത്രം ‘പാട്ട്’ എന്നിവ പൂർത്തിയാക്കിയ ശേഷമാകും ഫഹദ് സജിമോൻ ചിത്രത്തിൽ ജോയിൻ ചെയ്യുക.
നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന, ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആദ്യമായ് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് മഹേഷ് നാരായണനാണ്.
