
സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇതാദ്യമായാണ് പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കുന്നത്. കാർഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ രാജ്യമൊന്നടങ്കം കർഷക പ്രതിഷേധങ്ങൾ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകൾക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കർഷകർക്ക് കൈത്താങ്ങാവുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.
16 ഇനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിക്കുന്നത്. പ്രതിസന്ധിയിലായ കാർഷികമേഖലയെ സംരക്ഷിക്കുന്നതിനും കർഷകർക്ക് കൃത്യമായ വില കിട്ടുന്നതിനുമാണ് നടപടിയെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.
ഏത്തക്കായ, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, ക്യാബേജ്, ബീൻസ്, കൈതച്ചക്ക, മരച്ചീനി, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങി 16 ഇനത്തിനാണ് തറവില പ്രഖ്യാപിച്ചത്. ഉൽപ്പാദനച്ചെലവും ഉൽപ്പാദനക്ഷമതയും കണക്കിലെടുത്താണ് തീരുമാനം.
ഉത്പാദന വിലയേക്കാൾ ഇരുപത് ശതമാനം അധികമായിരിക്കും തറവില. താങ്ങ് വില നിശ്ചയിക്കാൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ. അതിനാലാണ് സംസ്ഥാനം തറവില നിശ്ചയിക്കുന്നത്.
പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകൻ്റെ അക്കൗണ്ടിലേക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഉള്ളി വില കുതിച്ചുയരുന്നത് തടയാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സവാള വില നിയന്ത്രിക്കാൻ ധനകാര്യ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാർ യോഗം ചേർന്നു.
