
ഇന്ത്യയിൽ തന്നെ പൈതൺഗ്രീൻ നിറത്തിലുളള ഏക കാറായ, പോർഷെയുടെ 911 കരേര എസ് സ്വന്തമാക്കി മലയാളത്തിൻ്റെ സ്വന്തം താരദമ്പതികളായ ഫഹദ് ഫാസിലും ഭാര്യ നസ്രിയ ഫഹദും. ആഡംബര കാർ നിർമ്മാതാക്കളായ പോർഷെയുടെ 1.90 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള കാറാണ് ഇരുവരും ചേർന്ന് വാങ്ങിയിരിക്കുന്നത്.
2981 സിസി എൻജിൻ ഘടിപ്പിച്ച കാറിന്, 450 പിഎസ് കരുത്തോടു കൂടി, പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കന്റ് മാത്രം മതി. പോർഷെയുടെ 911 കരേര എസിന് കൈവരിക്കാവുന്ന പരമാവധി വേഗത 308 കീലോമീറ്റർ ആണ്. ഉപഭോക്താവിന് ആവശ്യാനുസരണം കസ്റ്റമൈസേഷനും വരുത്താമെന്നതാണ് കരേര എസിൻ്റെ മറ്റൊരു പ്രത്യേകത.
കഴിഞ്ഞ സെപ്തംബര് ഒന്നിന് ആമസോണ് പ്രെെമിലൂടെ ലോകമൊട്ടുക്ക് ഓൺലൈൻ റിലീസ് ചെയ്ത മലയാള ചിത്രം ‘സീ യു സൂൺ’ ആണ് ഫഹദ് ഒടുവിലായ് അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസിൽ ആദ്യ കുറച്ച് മണിക്കൂറുകൾക്കുളളിൽ തന്നെ ലോകമെമ്പാടുമുളള പ്രേക്ഷകർ ‘സീ യു സൂൺ’ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം, ഫഹദും, ചിത്രത്തിൻ്റെ സംവിധായകൻ മഹേഷ് നാരായണനും കൂടിച്ചേർന്ന് ‘സീ യു സൂണി’ൻ്റെ വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക് കൈമാറിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ഫഹദുമായുള്ള വിവാഹത്തെ തുടർന്ന് അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേള എടുത്ത നസ്രിയ, പിന്നീട് അഞ്ജലി മേനോൻ ഒരുക്കിയ ‘കൂടെ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഫഹദിനൊപ്പം തന്നെ അഭിനയിച്ച ‘ട്രാൻസ്’ ആണ് നസ്രിയ അഭിനയിച്ച ഏറ്റവും ഒടുവിലെ ചിത്രം. കഴിഞ്ഞ ആറുവർഷത്തിനിടെ കേവലം രണ്ട് ചിത്രങ്ങളിൽ മാത്രമാണ് നസ്രിയ അഭിനയിച്ചതെങ്കിലും, നസ്രിയയുടെ താരപദവിക്ക് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഹിറ്റുകളുമായി നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ നായികമാരെക്കാൾ കൂടുതൽ സ്നേഹവും, ശ്രദ്ധയും നസ്രിയയ്ക്ക് ഇപ്പോഴും ജനങ്ങളിൽ നിന്ന് ലഭിക്കുന്നു.
