
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെക്കേണ്ടി വന്ന ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം ‘ഹേയ് സിനാമിക’യുടെ ചിത്രീകരണം പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെ സിനിമകളുടെ ചിത്രീകരണം തുടരാൻ സർക്കാർ അനുമതി ലഭിച്ചശേഷം, ഇതാദ്യമായാണ്, ദുൽഖർ ഒരു ചിത്രത്തിൻ്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യുന്നത്.
തെന്നിന്ത്യയിലെ പ്രശസ്ത നൃത്തസംവിധായകയായ ബൃന്ദാമാസ്റ്റർ ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. ഒരു പ്രണയ കഥയായ് ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടിമാരായ കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ.
പ്രീത ജയരാമന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് മലയാളി കൂടിയായ ഗോവിന്ദ് വസന്തയാണ്. റിലയൻസ് എൻ്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ ചെന്നൈയാണ്. ചിത്രത്തിനായ്, നീട്ടി വളർത്തിയ മുടിയോടുകൂടിയ ദുൽഖറിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ഈ വർഷം തുടക്കത്തിലിറങ്ങിയ ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ദുൽഖർ നായകനായ തമിഴ് ചിത്രം ഒരു വിജയമായിരുന്നു. അതിനാൽ തന്നെ, ദുൽഖർ അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രത്തെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
നേരത്തെ, മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കണ്മണി’ എന്നൊരു തമിഴ് ചിത്രത്തിലും ദുൽഖർ അഭിനയിച്ചിട്ടുണ്ട്. നിത്യ മേനോൻ നായികയായ് അഭിനയിച്ച ചിത്രത്തിന് വേണ്ടി സാക്ഷാൽ എ.ആർ റഹ്മാൻ ഒരുക്കിയ ഒരു ഹിറ്റ് ഗാനമായിരുന്നു ‘ഹേയ് സിനാമിക’.
