
‘ജെന്റിൽമാൻ’, ‘ഇന്ത്യൻ’, ‘മുതൽവൻ’, ‘അന്ന്യൻ’, ‘ശിവാജി’, ‘എന്തിരൻ’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച “ഷോമാൻ” എന്ന പേരെടുത്ത സംവിധായകനാണ് ശങ്കർ. അച്ഛനും, മകനുമായ് കമൽഹാസൻ ഇരട്ട വേഷങ്ങളിൽ തിളങ്ങി, ശങ്കർ സംവിധാനം ചെയ്ത്, 1996 ൽ പുറത്തിറങ്ങി സൂപ്പർഹിറ്റ് തമിഴ് ചിത്രമായിരുന്നു ‘ഇന്ത്യൻ’. നിലവിൽ, കമൽഹാസനും ശങ്കറും ചേർന്ന് ‘ഇന്ത്യൻ 2’ എന്ന പേരിൽ തങ്ങളുടെ പഴയ ചിത്രത്തിനൊരു രണ്ടാം ഭാഗം ഒരുക്കുന്നതിനിടയിലാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സിനിമകളുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വരുന്നത്.
എന്നാൽ, ഇപ്പോഴിതാ, ലോക്ക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ സിനിമാ ചിത്രീകരണത്തിന് ചില നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടും, അതേത്തുടർന്ന് മറ്റ് പല വമ്പൻ ചിത്രങ്ങൾ പുനരാരംഭിക്കുകയും ചെയ്തിട്ടും, ‘ഇന്ത്യൻ 2’ ചിത്രത്തിൻ്റെ ഷൂട്ടിംഗ് മാത്രം എന്ന് പുനരാരംഭിക്കും എന്ന കാര്യത്തിൽ ആർക്കുമൊരു വ്യക്തതയില്ല. ഇതോടെ, ‘ഇന്ത്യൻ 2’ ഉപേക്ഷിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ തമിഴകത്ത് നിന്നും ഉയരുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന്, നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിൻ്റെ ബജറ്റ് കുറയ്ക്കാൻ നിര്‍ബന്ധിക്കുന്നതും, ചിത്രത്തിലെ നായകൻ കമൽഹാസൻ ബിഗ് ബോസ് തമിഴ് പതിപ്പിൻ്റെ പുതിയ സീസൺ അവതരിപ്പിക്കാൻ പോയതും, സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതുമെല്ലാം ശങ്കറിന് നീരസം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
അതിനാൽ, ‘ഇന്ത്യന്‍ 2’ പുനരാരംഭിക്കുന്നതില്‍ ലൈക്ക തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ശങ്കർ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ. അല്ലാത്തപക്ഷം, തൻ്റെ പുതിയ ചിത്രത്തിൻ്റെ പണിപ്പുരയിലേക്ക് കടക്കാനാണ് ശങ്കറിൻ്റെ തീരുമാനമെന്നും അറിയുന്നു.
മലയാളത്തിൽ, മോഹൻലാൽ നായകനായ ‘വില്ലൻ’ ഉൾപ്പടെ തെന്നിന്ത്യയിൽ നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള റോക്ക് ലൈൻ വെങ്കിടേഷിന് വേണ്ടി, തെന്നിന്ത്യയിലെ നാല് ഭാഷകളിലുമായ് ഒരേ സമയം നിർമ്മിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാനാണ് ശങ്കർ അടുത്തതായ് പദ്ധതിയിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കന്നഡയിൽ നിന്നും ‘കെജിഎഫ്’ നായകൻ യാഷും, തമിഴിൽ നിന്ന് വിജയ് സേതുപതിയും ഈ പുതിയ ചിത്രത്തിൻ്റെ ഭാഗമായേക്കുമെന്നും സൂചനയുണ്ട്. അതുപോലെ, മലയാളത്തിൽ നിന്നും, തെലുങ്കിൽ നിന്നും ഓരോ നായകനടന്മാരെ ശങ്കർ കണ്ടുവെച്ചിട്ടുണ്ടെന്നും, അവരുമായ് ചിത്രത്തെ സംബന്ധിക്കുന്ന ചർച്ചകൾ തുടരുകയാണെന്നും വാർത്തകളുണ്ട്.
‘ഇന്ത്യൻ 2’ എന്ന ചിത്രത്തിൻ്റെ നിലവിലെ സ്ഥിതിയിൽ ഒരു തീരുമാനം വന്നശേഷം മാത്രമേ പുതിയ ചിത്രത്തെ സംബന്ധിക്കുന്ന വാർത്തകൾ ഔദ്യോഗികമായ് പുറത്തുവിടൂ എന്നാണ് സംവിധായകൻ ശങ്കറിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, നിലവിൽ പ്രചരിക്കുന്ന വാർത്തകൾ ഒന്നും ശരിയല്ലായെന്നും, ‘ഇന്ത്യൻ 2’ ഉപേക്ഷിച്ചിട്ടില്ല എന്നും, 500 ലധികം ആളുകള്‍ ചിത്രീകരണത്തിന് വേണ്ടുന്നതിനാല്‍ തുടര്‍ചിത്രീകരണം വൈകുന്നതാണെന്നും, ഇക്കാര്യങ്ങൾ ചിത്രത്തിലെ നായകൻ കമൽഹാസനേയും, സംവിധായകൻ ശങ്കറിനേയും നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് വ്യക്തമാക്കി.
പകുതിയിലധികം ചിത്രീകരണം പൂർത്തിയാക്കിയ ‘ഇന്ത്യൻ 2’, ഒരു രാഷ്ട്രീയ സ്വഭാവമുള്ള ചിത്രമായതിനാല്‍, അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പ്രേക്ഷകരിലെക്കേത്തിക്കാനാണ് കമൽഹാസൻ്റെയും, അണിയറപ്രവർത്തകരുടേയും ആഗ്രഹം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആ ആഗ്രഹം എത്രകണ്ട് സാധ്യമാകുമെന്നത് കണ്ടുതന്നെ അറിയണം.
