
ആമസോൺ പ്രൈമിലൂടെ നേരിട്ട് റീലീസ് ചെയ്ത, കോവിഡ് കാല പരീക്ഷണമായിരുന്ന ‘സീ യു സൂൺ’ എന്ന ചിത്രത്തിൻ്റെ സൂപ്പർ വിജയത്തിന് ശേഷം, നടൻ ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ മലയാള ചിത്രമാണ് ‘ഇരുൾ’. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒറ്റ ഷെഡ്യൂളിൽ കുട്ടിക്കാനത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘ഇരുളിൽ’, ഫഹദ് ഫാസിലിനെ കൂടാതെ സൗബിന് ഷാഹിറും ദര്‍ശന രാജേന്ദ്രനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബോളിവുഡ് ചിത്രം ‘തുംബാദ്’ ഉള്‍പ്പെടെയുള്ള സിനിമകളില്‍ സഹസംവിധായകനായിരുന്ന നസീഫ് യൂസഫ് ഇസുദ്ധീന്‍ ആദ്യമായ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവ്വഹിച്ചത് പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ.ടി.ജോണാണ്. ഏറെ നാളുകൾക്ക് ശേഷം, ജോമോൻ മലയാളത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഇരുളി’നുണ്ട്.
വർഷങ്ങളായി ബോളിവുഡിൽ പ്രവർത്തിച്ചു വരികയായിരുന്ന, മലയാളിയായ ചിത്രത്തിൻ്റെ സംവിധായകൻ നസീഫ് യൂസഫ് ഇസുദ്ധീന്‍, തൻ്റെ ആദ്യ ചിത്രം എന്തുകൊണ്ട് മലയാളത്തിൽ ഒരുക്കി എന്ന് വ്യക്തമാക്കുകയാണിപ്പോൾ. ഒരു ബിസിനസ് എന്നതിന് അപ്പുറം മലയാള സിനിമ പുതുമുഖങ്ങളെ നല്ല രീതിയിൽ സ്വാഗതം ചെയ്യുകയും അവസരങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് നസീഫ് പറയുന്നു.
‘ഇരുൾ’ പ്രഖ്യാപിച്ചപ്പോഴുളള ആളുകളുടെ പ്രതികരണം എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടെ പുറത്തിറങ്ങിയ സിനിമകൾ നോക്കിയാൽ മലയാള സിനിമയ്ക്ക് താരതമ്യേന മികച്ച ഉള്ളടക്കമുണ്ട്. ഒപ്പം മലയാള സിനിമയുടെ ആരാധകരുടെ എണ്ണത്തിലും വളരെയധികം വർദ്ധനവുണ്ട്. നിരവധി ബോളിവുഡ് ചലച്ചിത്ര പ്രവർത്തകർ നമ്മുടെ സിനിമകൾ കാണുകയും അഭിനേതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. അതു തന്നെയാണ് മലയാളത്തിൽ തുടങ്ങാൻ കാരണവും, നസീഫ് വ്യക്തമാക്കി.
ചിത്രത്തിൽ, ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്, എന്നിങ്ങനെ വെറും മൂന്ന് അഭിനേതാക്കൾ മാത്രമാണുള്ളത്. ഇവർ മൂന്നു പേരുടേയും ഒപ്പമുളള സിനിമ എന്നത് വളരെ മികച്ച അനുഭവമാണ്. ചെയ്യേണ്ട കഥാപാത്രം ഒരിക്കൽ അവർക്ക് മനസിലായിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ ജോലി എളുപ്പമാണ്. സീനുകളും ഡയലോഗുകളും മാത്രം വിവരിച്ചാൽ മതി, അവർ ചെയ്തുകൊള്ളും. ഒരു നവാഗത സംവിധായകനെന്ന നിലയിൽ ഇവരിൽ നിന്നൊക്കെ കൂടുതൽ പഠിക്കാൻ കിട്ടിയ അവസരമാണെന്ന് ഈ ചിത്രമെന്നും നസീഫ് പറയുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്, പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറിൽ
ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിൻ്റെതായി റിലീസിന് തയ്യാറായിരിക്കുന്ന ‘മാലിക്’ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നതും ആന്റോ ജോസഫ് തന്നെയാണ്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമക്ക് ശേഷം ജോമോന് ടി ജോണും ഷമീര്‍ മുഹമ്മദും നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന ചിത്രമാണ് ‘ഇരുള്’.
