
റിലീസിന് തയ്യാറായിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്ററി’ന് പിന്നാലെ, വിജയ് അഭിനയിക്കുന്ന ‘വിജയ് 65’ എന്ന പുതിയ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നു. ചിത്രം സംവിധാനം ചെയ്യാനിരുന്ന മുരുഗദോസ്, നിർമ്മാതാക്കളായ സൺ പിക്ചേഴ്സുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ചിത്രത്തിൽ നിന്നും പിന്മാറിയെന്നും, പകരം സൺ പിക്ചേഴ്സ് മറ്റ് സംവിധായകരിൽ നിന്നും വിജയ്ക്ക് അനുയോജ്യമായ കഥകൾ കേൾക്കുന്നു എന്നുമാണ് അണിയറയിൽ നിന്നും ലഭിക്കുന്ന സൂചന.
സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ‘വിജയ് 65’ സംവിധാനം ചെയ്യാൻ മുരുഗദോസിനൊപ്പം ആദ്യം പറഞ്ഞുകേട്ട പേരുകളായ മകിഴ് തിരുമേനി, പാണ്ഡ്യരാജ്, വെട്രിമാരൻ എന്നിവരെയൊക്കെ സൺ പിക്ചേഴ്സ് വീണ്ടും സമീപിച്ചെങ്കിലും, അവരെല്ലാം മറ്റ് ചിത്രങ്ങളുടെ കമ്മിറ്റ്മെന്റിൽ തിരക്കിലാണെന്നാണ് അറിയുന്നത്.
ഇതിനിടെ, വിജയ്യുടെ കരിയറിലെ നിർണ്ണായക സമയത്ത്, ‘തിരുപ്പാച്ചി’, ‘ശിവകാശി’ എന്നിങ്ങനെ രണ്ട് വലിയ ഹിറ്റുകൾ വിജയ്ക്ക് സമ്മാനിച്ച സംവിധായകൻ പേരരശ്, ഒരു പുതിയ കഥയുമായ് സൺ പിക്ചേഴ്സിനെ സമീപിച്ചെന്നും, കഥ നിർമ്മാതാക്കൾക്കും, വിജയ്ക്കും ഇഷ്ടമായെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അടുത്തവർഷം ജനുവരിയിൽ, പൊങ്കൽ റിലീസായി നിശ്ചയിച്ചിരിക്കുന്ന ‘മാസ്റ്റർ’ ഇറങ്ങിയതിന് ശേഷം മാത്രം പുതിയ ചിത്രം ആരംഭിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് വിജയ്. അങ്ങനെയുണ്ടേൽ, ‘വിജയ് 65’ ആര് സംവിധാനം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ, കുറഞ്ഞത് ഒരു മൂന്ന്, നാല് മാസത്തെ സാവകാശം നിർമ്മാതാക്കൾക്കുണ്ട്. അതിനിടയിൽ, വിജയ്ക്ക് അനുയോജ്യമായ നല്ലൊരു കഥയുമായ് വരുന്ന ഏതൊരു സംവിധായകനും കഥ പറയാനൊരു അവസരം നല്കാൻ തന്നെയാണ് സൺ പിക്ചേഴ്സ് തീരുമാനമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഈ വിഷയങ്ങളിലെല്ലാം വിജയ്യും, അദ്ദേഹത്തിൻ്റെ ക്യാമ്പും മൗനം തുടരുകയാണ്. തൻ്റെ മുൻ ചിത്രം റിലീസ് ആയ ശേഷം മാത്രം പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിക്കുന്ന പതിവുരീതി തുടരാനാണ് വിജയ്യുടെ തീരുമാനമെങ്കിൽ, നിലവിലെ സാഹചര്യത്തിൽ, ‘വിജയ് 65’ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും, അനിശ്ചതത്വങ്ങളും അടുത്ത വർഷം പൊങ്കൽ വരെയെങ്കിലും തുടരുമെന്ന് വേണം കരുതാൻ.
