
കൊറോണ മൂലം പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിക്കായി പുനരുദ്ധാരണ പാക്കേജ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോർപ്പറേഷന് ഓരോ വർഷവും 1,000 കോടി രൂപ വീതം നൽകി. നടപ്പുവർഷത്തിൽ സർക്കാർ നൽകുന്ന ധനസഹായം 2,000 കോടിയിലധികം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാരിൻ്റെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നൽകിയത് 1,220 കോടി രൂപയാണ് എന്നാൽ എൽഡിഎഫ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് ആകെ 4,160 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നിട്ടും സർക്കാരിൻ്റെ അശ്രദ്ധയെക്കുറിച്ച് പല ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ പൊതുമേഖലയെ സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2012 നു ശേഷം ശമ്പള പരിഷ്ക്കരണം നടപ്പിലായിട്ടില്ലാത്ത സാഹചര്യത്തിൽ എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1500 രൂപ ഇടക്കാല ആശ്വാസം അനുവദിക്കും. ശമ്പള പരിഷ്ക്കരണ ചർച്ചകളും ആരംഭിക്കും. എംപാനൽ ജീവനക്കാരെ പിരിച്ച് വിടില്ലെന്നും, പത്ത് വർഷം സേവനമുള്ളവരെയും പിഎസ്സി എംപ്ലോയ്മെൻറ് വഴി വന്നവരെയും മാത്രമേ സ്ഥിരിപ്പെടുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരപ്പെടുത്താൻ കഴിയാത്ത ജീവനക്കാരെ കെ.എസ്.ആർ.ടി.സിയുടെ ഉപകമ്പനിയായ സിഫ്റ്റെന്ന സ്ഥാപനത്തിൽ നിയമിക്കും. സ്കാനിയ, ദീർഘദൂര ബസുകൾ, പുതിയതായി വാങ്ങുന്ന ബസുകൾ തുടങ്ങിയവ സിഫ്റ്റ് വഴിയാകും പ്രവർത്തിക്കുക. ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായുള്ള നടപടികൾ തുടരും.
കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോര്പ്പറേഷന് ബാധ്യതയില്ലാത്ത രീതിയില്‍ പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
