
മലയാള സിനിമയുടെ പുതുതലമുറയിലെ “നിത്യ യൗവ്വന”മായ പ്രിയനടൻ കുഞ്ചാക്കോ ബോബൻ്റെ നാല്പത്തിനാലാം ജന്മദിനത്തോടനുബന്ധിച്ച്, നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘നിഴൽ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിൻ്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ. സംസ്ഥാന പുരസ്കാര ജേതാവായ എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയാണ് നായിക.
“ചിലപ്പോള്‍ സ്വന്തം നിഴലിനെ വരെ നിങ്ങള്‍ ഭയപ്പെടേണ്ടി വരും” എന്ന വാചകത്തോടൊപ്പം, ഒരു സൂപ്പർഹീറോ രീതിയിലുള്ള മാസ്ക് അണിഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ ‘നിഴൽ’ എന്ന ചിത്രത്തിലെ കാരക്ടർ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെൻറ്പോൾ മൂവീസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവാണ്. ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന് വേണ്ടി ദീപക് ഡി മേനോൻ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനവും സംവിധായകൻ അപ്പുവിനൊപ്പം അരുൺലാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.
മുൻപ്, താരസംഘടനയായ “അമ്മ” നിർമ്മിച്ച ‘ട്വന്റി 20’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ കുഞ്ചാക്കോ ബോബനും, നയൻതാരയും ഒന്നിച്ചിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് ഇരുവരും ഒരു ചിത്രത്തിൽ നായികാനായകന്മാരായ് അഭിനയിക്കുന്നത്. നിലവിൽ, എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ സെറ്റില്‍ നയന്‍താര ജോയിൻ ചെയ്തു. 25 ദിവസമാണ് ചിത്രത്തിനായി നയന്‍താര കൊച്ചിയില്‍ ഉണ്ടാവുക. ലാല്‍, സുധീഷ്, ഡോ.റോണി, ദിവ്യപ്രഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
“ചാക്കോച്ചൻ” എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന കുഞ്ചാക്കോ ബോബന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട്, ചിത്രീകരണം പൂർത്തിയാക്കി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ‘മോഹൻകുമാർ ഫാൻസ്’ എന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖം അനാർക്കലി നാസർ ആണ് നായിക.
