
ഏറെ നാളായ്, ബാഴ്സലോണ ഫുട്ബോൾ ക്ലബും, കളിക്കാരും, ആരാധകരും ഒരുപോലെ ആഗ്രഹിച്ചിരുന്ന കാര്യം ഒടുവിൽ സംഭവിച്ചിരിക്കുന്നു. ബാഴ്സലോണ എഫ് സിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസഫ് ബർത്തോമ്യൂവും, അദ്ദേഹത്തിൻ്റെ ബോർഡിലെ മുഴുവന്‍ അംഗങ്ങളും സ്ഥാനമൊഴിഞ്ഞു. അടുത്ത വര്‍ഷം മാർച്ച് മാസം വരെ കാലാവധി നില്‍ക്കെയാണ് ബർത്തോമ്യൂവിൻ്റെ രാജി.
ഏഴ് വര്‍ഷം പ്രസിഡന്റ് സ്ഥാനത്തിരുന്ന ബർത്തോമ്യൂ, ടീമിൻ്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കുറേ കാലമായി വിമര്‍ശനം നേരിടുകയായിരുന്നു. ഇക്കാലയളവിൽ, ട്രാന്‍സ്ഫര്‍ വിപണിയില്‍ സ്ഥിരമായ് പരാജയപ്പെട്ടതും, തെറ്റായ തീരുമാനങ്ങൾ കൈക്കൊണ്ടതും, സൂപ്പർതാരം നെയ്മറിനെ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് വിട്ടുകൊടുത്തതുമെല്ലാം ബർത്തോമ്യൂവിൻ്റെ ജനസമ്മതി ഇടിയാൻ കാരണമായി.
വരുന്ന മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കേ, ക്ലബിലെ അംഗങ്ങള്‍ അവിശ്വാസ വോട്ട് രേഖപ്പെടുത്തിയതോടെയാണ് ബർത്തോമ്യൂ കൂടുതല്‍ പ്രതിരോധിച്ച് നിൽക്കാതെ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. സൂപ്പർതാരം മെസ്സിയുൾപ്പടെയുള്ള മുതിർന്ന കളിക്കാരും, ക്ലബിലെ മറ്റ് അംഗങ്ങളും ബർത്തോമ്യൂവിൻ്റെ ഏകാധിപത്യ രീതികളോടുള്ള വിയോജിപ്പ് പലകുറി പരസ്യമായ് പ്രകടിപ്പിച്ചിട്ടുമുണ്ട്.
പ്രസിഡണ്ടിൻ്റെ രാജി തങ്ങൾക്ക് എത്രമാത്രം സന്തോഷം നൽകുന്നുവെന്ന്, ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ട് മത്സരത്തിലെ മിന്നും പ്രകടനത്തിലൂടെ ബാഴ്സലോണ കളിക്കാർ വ്യക്തമാക്കി. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവൻ്റസിനെ, അവരുടെ തട്ടകത്തിൽ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തറപറ്റിച്ചാണ് ബാഴ്സലോണ പ്രസിഡണ്ടിൻ്റെ രാജി തീരുമാനം ആഘോഷിച്ചത്.
കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന്, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതിറങ്ങിയ യുവൻ്റസിനെ കളിയുടെ സമസ്ത മേഖലകളിലും പിന്തള്ളിയാണ് ബാഴ്സലോണ രണ്ട് ഗോളുകളുടെ ആധികാരിക ജയം സ്വന്തമാക്കിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ബാഴ്സക്കായി 15ാം മിനിറ്റിൽ ഡെംമ്പലെയും, ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ മെസ്സിയുമാണ് ഗോളുകൾ നേടിയത്.
