
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപിന് വേണ്ടി, കേസിലെ സുപ്രധാന സാക്ഷിയും നടിയുമായ മഞ്ജു വാര്യരെ, ഇരുവരുടേയും ഏക മകളായ മീനാക്ഷി ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാർത്ത ഇന്നലെ പുറത്തുവന്നത് ഏറെ ചർച്ചയായിരുന്നു.
ദിലീപിനെതിരെ മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്പ് മകൾ ഫോണിൽ വിളിച്ച് തന്നോട് അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു മൊഴി നൽകിയിരുന്നത്. നിലവിൽ, അമ്മയായ മഞ്ജുവിൽ നിന്ന് പിരിഞ്ഞു അച്ഛൻ ദിലീപിനൊപ്പം താമസിക്കുകയാണ് മകൾ മീനാക്ഷി.
ഇപ്പോഴിതാ, സംഭവം കത്തിനിൽക്കുന്ന വേളയിൽ തന്നെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി പുതിയൊരു അക്കൗണ്ട് തുടങ്ങിയത് ഏറെ കൗതുകമുണർത്തിയിരിക്കുകയാണ്. മീനാക്ഷി ദിലീപ് എന്ന പേരിൽ ഒഫീഷ്യൽ അക്കൗണ്ട് തുടങ്ങിയതോടൊപ്പം, പിറകിലേക്ക് നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന മീനാക്ഷിയുടെ ഒരു ചിത്രവും അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മീനാക്ഷി പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അമ്മയെപ്പോലെ തന്നെയുണ്ട്, മിനി മഞ്ജു വാര്യര്‍, അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോ എന്നൊക്കെയാണ് കമന്റുകള്‍. നടി നമിത പ്രമോദ് മീനാക്ഷിയുടെ ഇൻസ്റ്റ അക്കൗണ്ട് മെൻഷൻ ചെയ്തുകൊണ്ട് പുതിയ ചിത്രം തന്റെ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.
സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ അത്രകണ്ട് സജീവമല്ലാത്ത മീനാക്ഷി, അച്ഛൻ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷായുടെ മകളോടൊപ്പം ചെയ്ത ചില ഡബ്സ്മാഷ് വീഡിയോകള്‍ ഇതിനുമുമ്പ് വൈറലായി മാറിയിട്ടുണ്ട്. ചെന്നൈയിൽ എംബിബിഎസ് വിദ്യാർഥിനിയാണ് നിലവിൽ മീനാക്ഷി.
