
കോവിഡ് പ്രതിസന്ധികൾക്കിടയിലും, രാജ്യത്തിന് പുറത്ത് ജോർദ്ദാനിലെ വദിറം മരുഭൂമിയിലെ ചിത്രീകരണം പൂർത്തിയാക്കിയ ‘ആടുജീവിതം’ എന്ന മലയാള ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂൾ അൾജീരിയയിലെ സഹാറ മരുഭൂമിയിലായിരിക്കുമെന്ന് സംവിധായകൻ ബ്ലെസി. ഇന്ത്യയുൾപ്പെടെ, പല രാജ്യങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശ്ശനമായ് തുടരുന്നതിനാൽ, നാൽപത് ശതമാനത്തോളം ചിത്രീകരണം ഇനിയും പൂർത്തിയാക്കാനുള്ള ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂൾ ഉടനാരംഭിക്കുക ബുദ്ധിമുട്ടാണെന്നും ബ്ലെസ്സി പറഞ്ഞു.
എഴുത്തുകാരൻ ബെന്യാമിൻ്റെ ഏറ്റവും പ്രശസ്തമായ കൃതി ‘ആടുജീവിത’ത്തെ അടിസ്ഥാനമാക്കി, അതേ പേരിൽ സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രത്തിൽ ‘നജീബ്’ ആയി പൃഥ്വിരാജ് ആണ് അഭിനയിക്കുന്നത്. നജീബിൻ്റെ ഭാര്യ സൈനുവായി നടി അമല പോൾ എത്തുന്നു. എ ആർ റഹ്മാൻ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. ചിത്രത്തിലെ നജീബ് ആകാൻ വേണ്ടി മൂന്ന് മാസത്തോളം സിനിമകളൊഴിവാക്കി പൃഥ്വിരാജ് ശരീരഭാരം കുറച്ച്, തൻ്റെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
നായക കഥാപാത്രം നജീബിൻ്റെ ആടുകൾക്കൊപ്പമുള്ള ജീവിതമാണ് വാദിറാമിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്ന ഒമാനി താരം ക്വാറൻ്റെനിലായതും, ജോർദ്ദാനിൽ ലോക്ക്ഡൗൺ കർശ്ശനമായതുമുൾപ്പടെ, ഉടലെടുത്ത അനേകം പ്രതിസന്ധികളെ തരണം ചെയ്ത്, മുൻനിശ്ചയപ്രകാരം തങ്ങളുടെ ചിത്രീകരണം മുഴുവനും പൂർത്തിയാക്കിയ ശേഷം മാത്രമാണ് ‘ആടുജീവിതം’ ടീം ഇന്ത്യയിലേക്ക് മടങ്ങിയത്.
ജോർദ്ദാനിലെ ചിത്രീകരണം പൂർത്തിയാക്കി, എയർ ഇന്ത്യയുടെ ഒരു പ്രത്യേക വിമാനത്തിൽ, പൃഥ്വിരാജ് അടക്കമുള്ള ‘ആടുജീവിതം’ ടീമിലെ 58 പേരും നാട്ടിലെത്തുകയും, തുടർന്ന് പതിനാല് ദിവസത്തെ ക്വാറൻ്റെനിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
